ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റാതായി റിപ്പോർട്ട്

kerala highcourt trying to prosecute those who set flags on roads

സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെൻ്റഗണ്‍. ഇറാൻ്റെ പ്രത്യാക്രമണത്തില്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഗുരുതരമായി പരിക്കേറ്റ സൈനികരുടെ വിവരങ്ങള്‍ പുറത്തു വരുന്നത്. ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് തലച്ചോറില്‍ ഗുരുതരമായ ക്ഷതമാണ് സൈനികര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഡ്യൂട്ടിക്കിടെ പലരും ബോധരഹിതരായി വീഴുന്നു. കടുത്ത തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളുമുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൻ്റെ ഭീകരത വെളിപ്പെടുത്തുന്നതാണ് സൈനികരുടെ ശാരീരിക സ്ഥിതിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റുവെന്ന വാര്‍ത്തകളെ പ്രസിഡൻ്റ് ട്രംപ് അവഗണിച്ചതായാണ് റിപ്പോര്‍ട്ട്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മസ്തിഷ്ക ക്ഷതത്തെ ഗൗരവമായി കാണുന്നില്ലെന്ന് ട്രംപ് പറഞ്ഞു. കുവൈത്തിലേയും ജര്‍മനിയിലേയും ആശുപത്രികളില്‍ 50 യു.എസ് സൈനികരെങ്കിലും ചികിത്സയിലാണന്നാണ് വിവരം.

ചികിത്സ പൂര്‍ത്തിയാക്കിയ 17 സൈനികര്‍ ഇറാഖിലേക്ക് മടങ്ങിയതായി പ്രതിരോധ വിഭാഗം പ്രതിനിധി ജോനാഥന്‍ ഹോഫ്മാന്‍ അറിയിച്ചു. ജനുവരി മൂന്നിനാണ് ഖാസിം സുലൈമാനി അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എട്ടിനായിരുന്നു യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടു ഇറാൻ്റെ പ്രത്യാക്രമണം. 22 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അമേരിക്ക അതു നിരസിക്കുകയായിരുന്നു.

Content Highlights: us troops diagnosed with traumatic brain injuries after the Iranian missile attack