യുപിയിൽ കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു; പ്രകോപിതരായ ആള്‍ക്കൂട്ടം അക്രമിയുടെ ഭാര്യയെ തല്ലിക്കൊന്നു

wife of a murder accused who held kids and women hostage in Uttar Pradesh lynched to death

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ബന്ദിയാക്കിയ 23 കുട്ടികളെയും സ്ത്രീയെയും മോചിപ്പിച്ചു. കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദയെ ഏറ്റുമുട്ടലില്‍ വധിച്ചാണ് കുട്ടികളെ മോചിപ്പിച്ചത്. തിരിച്ചുള്ള വെടിവയ്പ്പില്‍ മൂന്ന് പോലിസുകാര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ അക്രമിയുടെ ഭാര്യയെ പ്രകോപിതരായ ജനക്കൂട്ടം തല്ലികൊന്നു. കൊലക്കേസില്‍ പ്രതിയായ സുഭാഷ് ബദ്ദാം ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ പേരിലാണ് സുഭാഷ് കുട്ടികളെ വിളിച്ചു വരുത്തിയത്. ശേഷമാണ് കുട്ടികളെ ഭീഷണപ്പെടുത്തി പിടിച്ചു വെച്ചത്.

കുട്ടികളെ വെച്ച് കളിച്ചതിലാണ് ജനം പ്രകോപിതരായത്. ശേഷം ഇയാളുടെ ഭാര്യയെ ജനം കൂട്ടം ചേര്‍ത്ത് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടികളെ ബന്ദിയാക്കിയ സംഭവത്തില്‍ സുഭാഷിൻ്റെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രാവിലെയോടെ അവര്‍ മരിച്ചു. സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും മൃതദേഹം പോസ്‌മോര്‍ട്ടം ചെയ്ത ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂയെന്നും കാണ്‍പൂര്‍ റേഞ്ച് ഐജി മോഹിത് അഗര്‍വാള്‍ പറഞ്ഞു. ഭീകരവിരുദ്ധ സ്‌ക്വാഡും ഉത്തര്‍പ്രദേശ് പോലിസും ചേര്‍ന്നാണ് കുട്ടികളെ മോചിപ്പിക്കാനുള്ള ഓപ്പറേഷന്‍ നടത്തിയത്. സുഭാഷ് ബദ്ദയെ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് വെടിവയ്പ്പ് നടത്തിയത്. സർക്കാർ സഹായമൊന്നും ലഭിക്കുന്നില്ലെന്ന്‌ പറഞ്ഞാണ്‌ ഇയാൾ കുട്ടികളെ ബന്ദിയാക്കിയത്‌.

കലക്‌ടർ അടക്കം വന്ന്‌ സംസാരിച്ചിട്ടും കുട്ടികളെ പുറത്ത്‌ വിടാൻ ഇയാൾ തയ്യാറായില്ല. വീടിനുള്ളിൽ വെടിയുതിർക്കാനും ശ്രമിച്ചു. തുടർന്നാണ്‌ പൊലീസ്‌ ബലം പ്രയോഗിച്ചത്‌. 5 മുതൽ 9 വയസ്‌ വരെയുള്ള കുട്ടികളെയാണ്‌ ബന്ദിയാക്കിയത്‌. കുട്ടികള്‍ സുരക്ഷിതരെന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി മാധ്യമങ്ങളെ അറിയിച്ചു. ഓപ്പറേഷനില്‍ പങ്കെടുത്ത പോലിസുകാര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ജന്മദിനാഘോഷ ചടങ്ങിനെത്തിയ കുട്ടികള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീടിൻ്റെ വാതിലില്‍ മുട്ടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Content Highlights: wife of a murder who held kids and women hostage in Uttar Pradesh lynched to death