ആളുകളെ കെട്ടിപ്പിടിച്ചെന്ന് ആരോപണം; യുവാവിനെ പൊലീസും നാട്ടുകാരും മര്‍ദ്ദിച്ചു

ആളുകളെ കെട്ടിപ്പിടിച്ചെന്നാരോപിച്ച് യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു മര്‍ദ്ദിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ കോളനിയിലാണ് സംഭവം. എ.സി റിപ്പയറായ ഇമ്രാന്‍ ഖാന്‍ എന്ന യുവാവിനെയാണ് മർദ്ദിച്ചത്. സാഗര്‍പൂരിലെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ഇമ്രാന് മര്‍ദ്ദനമേറ്റത്. ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വീഡിയോയില്‍ കോണ്‍സ്റ്റബിള്‍ ഇമ്രാനെ ഒരു ലാത്തി ഉപയോഗിച്ച് അടിക്കുന്നത് കാണാം. എന്തിനാണ് അയാളെ മര്‍ദ്ദിക്കുന്നതെന്ന് ഒരു വഴിയാത്രക്കാരന്‍ ചോദിക്കുമ്പോള്‍ ഇയാള്‍ ആളുകളെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നുവെന്നും ഇവനെ കൊല്ലണം എന്നുമാണ് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞത്. അതേസമയം, പൊലീസിനെതിരെ ഇമ്രാൻ്റെ സഹോദരി രംഗത്തു വന്നിട്ടുണ്ട്. ഇമ്രാന്‍ ആളുകളെ കെട്ടിപ്പിടിച്ചെന്ന് പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്നും സഹോദരന്‍ നടന്നു പോകുന്ന സമയത്ത് പൊലീസ് മര്‍ദ്ദിക്കുകയായിരുവെന്നും ഇമ്രാൻ്റെ സഹോദരി പറഞ്ഞു.

വീഡിയോയില്‍ ഉള്ളത് സാഗര്‍പൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആണെന്ന് തിരിച്ചറിഞ്ഞതായും ഇയാളെ സസ്‌പെൻ്റ് ചെയ്തു എന്നും സൗത്ത് വെസ്റ്റ് അഡീഷണല്‍ ഡി.സി.പി ഇംഗിത് പ്രതാപ് സിംഗ് പറഞ്ഞു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി. 

content highlights: Accused of ‘hugging people’, man beaten up by policeman and locals