കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായവുമായി ഫ്രാന്‍സ്

France aids India's Covid-19 fight, to send massive oxygen generators, container

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായവുമായി ഫ്രാന്‍സ്. കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജന്‍ ജനറേറ്ററുകള്‍, ലിക്വിഡ് ഓക്സിജന്‍ കണ്ടെയ്നറുകള്‍ എന്നിവ ഈ ആഴ്ച അവസാനത്തോടെ വ്യോമ,കടല്‍ മാര്‍ഗം അയക്കും. ജര്‍മ്മനിക്ക് ശേഷം ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആരംഭിച്ച ദൌത്യത്തിന് ഇന്ത്യയിലും യൂറോപ്യന്‍ യൂണിയനിലുമുള്ള ഫ്രഞ്ച് കമ്പനികളുടെ പിന്തുണയുണ്ട്.

എട്ട് മെഡിക്കൽ ഓക്സിജൻ ജനറേറ്ററുകളാണ് ഫ്രാന്‍സ് അയക്കുന്നത്, ഓരോന്നിനും 250 കിടക്കകളുള്ള ആശുപത്രിക്ക് തടസ്സമില്ലാതെ വിതരണം ചെയ്യാൻ കഴിയും. ആദ്യ തവണയായി ഫ്രാൻസ് അഞ്ച് ലിക്വിഡ് ഓക്സിജന്‍ കണ്ടെയ്നറുകളും അയക്കും. ഓരോ ദിവസവും 10,000 രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യാൻ കഴിവുള്ളവയാണ് ഇവ. 28 വെന്‍റിലേറ്ററുകളും 200 ഇലക്ട്രിക്‌ സിറിഞ്ച് പമ്പുകളും ഉൾപ്പെടെ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളും ഉണ്ടാകും.

ഇന്ത്യയിലെ പല നഗരങ്ങളും നേരിടുന്ന ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഉതകുന്നവയാണ് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായ പാക്കേജുകള്‍. ഓക്സിജന്‍ ക്ഷാമമാണ് ഭൂരിഭാഗം മരണങ്ങളുടെയും കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlights; France aids India’s Covid-19 fight, to send massive oxygen generators, container