കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിൽ കണ്ടെത്തി

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ ഒരു സ്ത്രീക്കാണ് ആദ്യം വകഭേദം സംഭവിച്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇന്ത്യയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവില്‍ മൂന്ന് പേരിലാണ് ഇന്ത്യന്‍ വകഭേദത്തിലുള്ള കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

17 രാജ്യങ്ങളില്‍ കൊവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിലുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ വേരിയന്റ്സ് ഓഫ് ഇന്ററസ്റ്റ്(VOI) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Content Highlights: France Detects First Case Of Indian Covid Variant: Health Agency