കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

five members of the family died in road accident

കോട്ടയം കുറവിലങ്ങാടിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. എംസി റോഡിൽ വെച്ചാണ് അപകടം ഉണ്ടാകുന്നത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്നു ലോറി. അപകടത്തിന്‍റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. എന്നാൽ ലോറിക്കടിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കഴിയാതെ വന്നതോടെ കടുത്തുരുത്തിയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി കാർവെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് അഞ്ച് പേരെയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം വേളൂര്‍ ഉള്ളാട്ടില്‍പാദി വീട്ടില്‍ തമ്പി, ഭാര്യ വത്സല, മരുമകള്‍ പ്രഭ, ചെറുമകന്‍ അര്‍ജുന്‍, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. വണ്ടി ഓടിച്ചയാൾ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥാമിക കണ്ടെത്തലുകൾ.

content highlights: five members of the family died in road accident