സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് കാസര്‍ഗോഡ് സ്വദേശിക്കെന്ന് ആരോഗ്യമന്ത്രി

third case of coronavirus confirmed in kerala

സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ബാധയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിയമസഭയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. 2500ലധികം പേര്‍ സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലാണ്. ഏതാണ്ട് 70 പേര്‍ ഐസൊലേഷനിലുമാണ്. 104 സാമ്പിളുകളാണ് ഇതുവരെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുള്ളത്. കാസര്‍ഗോഡ്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്.

മൂന്നാമതായി രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയും ചൈനയില്‍ വൈദ്യപഠനം നടത്തുന്നയാളാണ്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ ചട്ടം മുന്നൂറ് പ്രകാരം പ്രത്യേക പരാമര്‍ശത്തിലാണ് മന്ത്രി മൂന്നാമതും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിമാനത്താവളങ്ങളിലടക്കം പരിശോധനകള്‍ ആരംഭിച്ചുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയില്‍ അഞ്ചുപേരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. അക്കൂട്ടത്തില്‍ രണ്ടുപേര്‍ വുഹാനില്‍ നിന്നെത്തിയവരാണ്. ഇതില്‍ ആര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ലോക വ്യാപകമായി പടരുന്ന വൈറസ് ചൈനയില്‍ മാത്രം ഇതിനോടകം 361 പേരുടെ ജീവനെടുത്തു. പതിനേഴായിരത്തില്‍പരം ആളുകള്‍ക്കാണ് ഇതോടെ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

content highlights: third case of coronavirus confirmed in kerala