ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫ്ളാറ്റുകളിലെ ടാപ്പുകളിൽ നിന്നും മദ്യം കലർന്ന വെള്ളം. ടാപ്പില്‍ നിന്നും വെള്ളമെടുത്തപ്പോള്‍ രൂക്ഷമായ മദ്യത്തിൻ്റെ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സോളമന്‍സ് അവന്യൂ ഫ്ളാറ്റിലെ താമസക്കാര്‍ ആദ്യം പോയത് ടാങ്ക് തുറന്ന് പരിശോധിക്കാനാണ്. ടാങ്കില്‍ രൂക്ഷമായ മദ്യഗന്ധം മനസിലാക്കിയതിനെ തുടർന്ന് വെള്ളമെടുക്കുന്ന കിണറും പരിശോധിച്ചു. കിണറില്‍ നിന്നും കോരിയെടുത്ത വെള്ളത്തിനും അതേ ഗന്ധമുണ്ടായിരുന്നു. അന്വേഷണങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് തൊട്ടടുത്തുള്ള ബാറിലാണ്.
സോളമന്‍സ് അവന്യൂ ഫ്ളാറ്റിന് സമീപത്തെ ബാറില്‍ നിന്നും ആറ് വര്‍ഷം മുന്‍പ് എക്‌സൈസുകാര്‍ ആറായിരം ലിറ്റര്‍ മദ്യം പിടിച്ചിരുന്നു. പിടിച്ചെടുത്ത മദ്യം ബാറില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസിൻ്റെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ മദ്യം നശിപ്പിക്കുവാന്‍ എക്‌സൈസ് തീരുമാനിച്ചു. തുടര്‍ന്ന് ബാറിന് സമീപത്തായി വലിയ കുഴിയെടുത്ത് മദ്യം ഒഴിച്ചു കളയുകയായിരുന്നു. ഒഴിച്ചു കളഞ്ഞ ആറായിരം ലിറ്റര്‍ മദ്യമാണ് ആറു വര്‍ഷത്തിന് ശേഷം ഫ്ളാറ്റിലെ കിണറിലേക്ക് ഒലിച്ചിറങ്ങിയത്. ബാറായി പ്രവര്‍ത്തിച്ചിരുന്ന ഇവിടം വിദേശമദ്യ വില്‍പ്പന നിരോധിച്ച, നാലര വര്‍ഷം മുമ്പുള്ള മദ്യമാണ് എക്‌സൈസ് വകുപ്പിൻ്റെ അനുമതിയോടെ കുഴിച്ചുമൂടിയത്. സംഭവം അറിഞ്ഞ് ആദ്യം എത്തിയത് എക്സൈസുകാരാണ്.
Content Highlights: Alcohol kept under soil infiltrate into well in Chalakkudy