തീരദേശ പരിപാലന നിയമ പട്ടികയില്‍ കേരളത്തിലെ 2130 ദ്വീപുകള്‍; ഏറ്റവും കൂടുതല്‍ എറണാകുളത്ത്

in kerala 2130 island in crz; most of islands in ernakulam

മരടിലെ ബഹുനില കെട്ടിട സമുച്ചയങ്ങള്‍ തകര്‍ക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനം കണ്ടെത്തുകയും സുപ്രീം കോടതി കടുത്ത നിലപാട് എടുക്കുകയും ചെയ്തതോടെയാണ് ഈ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ തകര്‍ക്കാന്‍ തീരുമാനമെടുത്തതും. ഇതിന് പിന്നാലെ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കേരളത്തിലെ 2130 ദ്വീപുകള്‍ തീരദേശ പരിപാലന മേഘലയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. തീരദേശ പരിപാലന അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഭൗമശാസ്ത്ര നടത്തിയ മാപ്പിംഗിലാണ് ഇത്രയും ദ്വീപുകളെ ഉള്‍പ്പെടുത്തിയത്.

തീരത്തു നിന്നും മീറ്റര്‍ പരിധിയില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ താമസിക്കുന്നത് കൂടി പരിഗണിച്ചാവും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുക എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ തീര നിയമ ഭേദഗതിയില്‍ ഈ ദൂരപരിധി മീറ്ററായി കുറച്ചിരുന്നു. എന്നാല്‍ ഈ ഭേദഗതിക്ക് ഇനിയും നിയമപ്രാബല്യം വന്നിട്ടില്ല. ദ്വീപുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ തീരത്തു നിന്നുള്ള നിശ്ചിത ദൂരപരിധിക്കുള്ളില്‍ പുതിയ നിര്‍മ്മാണങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. നിലവില്‍ ഉള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താമെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

എറണാകുളം ജില്ലയില്‍ മാത്രം 1068 ദ്വീപുകളാണുള്ളത്. ആലപ്പുഴയില്‍ 474 ഉം, കൊല്ലത്ത് 184 ഉം, തിരുവനന്തപുരത്ത് 43 ഉം ദ്വീപുകളാണ് പട്ടികയിലുള്ളത്. അതേസമയം, നിയമലംഘനം നടത്തി കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങളെല്ലാം മരട് മാതൃകയില്‍ പൊളിച്ചുനീക്കണമെന്ന നിലപാടില്‍ സുപ്രീംകോടതി ഉറച്ചുനിന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കുഴയും. സംസ്ഥാനത്തെ തീരദേശങ്ങളില്‍ 1800ഓളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ട ഗുരുതരസാഹചര്യമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അനധികൃത നിര്‍മാണത്തെക്കുറിച്ച് സുപ്രീംകോടതി കേരളത്തോട് റിപ്പോര്‍ട്ടുതേടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍.

content highlights: in kerala 2130 island in crz; most of islands in ernakulam