സായുധ സേന ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രി കടംകംപള്ളി സുരേന്ദ്രൻറെ ഗൺമാനും പ്രതി. പേരൂര്‍ക്കട പോലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ ഉൾപ്പടെ 11 പോലീസുകാരെ പ്രതി ചേർത്തിട്ടുള്ളത്. കേസില്‍ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍. എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽ കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നത്. എന്നാൽ വെടിക്കോപ്പുകളുടെ വിവരങ്ങൾ സനൽ കുമാർ അടക്കുമുള്ള 11 പോലീസുകാർ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
രജിസ്റ്റർ സൂക്ഷിക്കുന്നതിലൂണ്ടായ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്. രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം രേഖപ്പെടുത്തുകയും വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന് ചൂണ്ടിക്കാട്ടി മുൻ കമാണ്ടൻറ് സേവ്യറിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് 2019 ഏപ്രിൽ 3 ന് പേരൂർക്കട പോലീസ് കേസെടുക്കുന്നത്. പിന്നീട് കേസ് ക്രെെബ്രാഞ്ചിന് കെെമാറി. കുറ്റവാളിയെന്ന് തെളിയും വരെ സനില്‍ കുമാര്‍ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി കുറ്റക്കാരനായി കാണാൻ കഴിയില്ലെന്നും കടംകംപള്ളി പറഞ്ഞു.
content highlights: Kadakampally Surendran’s gunman accused in bullets missing case