കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങി വരാൻ പോയതാണവൻ, പിന്നീട് തിരിച്ചെത്തിയത് ചേതനയറ്റ അവൻ്റെ ശരീരമാണെന്ന് കരഞ്ഞുകൊണ്ട് സഹോദരനായ മുഹമ്മദ് ഇമ്രാൻ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ടത്. സംഘപരിവാർ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച ഫുർഖാൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഘർഷം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം ഫുർഖാനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
‘വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് സമീപത്തുള്ള കടകളെല്ലാം അടച്ചിരുന്നു. വൻതോതിൽ ആക്രമം പൊട്ടിപുറപ്പെട്ട ജാഫറാബാദിനു സമീപമാണ് ഞങ്ങൾ താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 നാണ് അവസാനമായി അവനെ ഞാൻ കാണുന്നത്. സുഹൃത്തുക്കളിലൊരാൾ എന്നെ വിളിച്ച് സഹോദരൻ്റെ കാലിന് വെടിയേറ്റുവെന്ന് അറിയിക്കുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല. ആശുപത്രിയിലെത്തിയപ്പോഴെക്കും എൻ്റെ എല്ലാ സ്വപ്നങ്ങളും തകർക്കപ്പെട്ട് കഴിഞ്ഞിരുന്നു. അവനെ രക്ഷിക്കാൻ ഞാൻ ആശുപത്രിയിലെ ഡോക്ടർമാരോട് അപേക്ഷിച്ചു കൊണ്ടിരുന്നു. എൻ്റെ ലോകമായിരുന്നു അവൻ. എൻ്റെ സ്വപ്നവും പ്രതീക്ഷയുമെല്ലാം എൻ്റെ ഇളയ സഹോദരനായിരുന്നു. എല്ലാം എനിക്കു നഷ്ടമായിരിക്കുന്നു’ കണ്ണീരോടെ മുഹമ്മദ് ഇമ്രാൻ പറഞ്ഞു.
Content Highlights: Muhammad Imran says his brother Muhammed furqan that he was getting food for children