ഡൽഹി കലാപത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയ ജഡ്ജിക്ക് അർദ്ധ രാത്രിയിൽ സ്ഥലംമാറ്റം

High Court Judge Who Criticised Cops Over Delhi Violence Transferred

ഡൽഹി കലാപത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയ ഡൽഹി ഹെെക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളിധറിന് പഞ്ചാബ്-ഹരിയാന ഹെെക്കോടതിയിലേക്ക് സ്ഥലംമാറ്റം. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച അർദ്ധ രാത്രിയോടെ സർക്കാർ പുറപ്പെടുവിച്ചു. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ജസ്റ്റിസ് എസ്. മുരളിധർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നാണ് അരോപണം. 

കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസ് ഇന്നലെ തന്നെ ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് എസ്. മുരളീധറിൻ്റെ  ബെഞ്ചിൽ നിന്നു മാറ്റിയിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചായിരിക്കും. ഫെബ്രുവരി 12-നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ  നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീയം മുരളീധറിനെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്. കേന്ദ്ര നിയമം മന്ത്രാലയം ശുപാർശ അംഗീകരിച്ച് ഇന്നലെ ഉത്തരവിടുകയായിരുന്നു. ശുപാർശ കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോൾ തന്നെ വിവാദമായിരുന്നു. മുരളീധറിനെ സ്ഥലംമാറ്റാനുള്ള ശുപാര്‍ശ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡല്‍ഹി ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതി കൊളീജിയത്തെ സമീപിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് എസ്. മുരളീധർ ഡൽഹി ഹൈക്കോടതിയില്‍ നിലവിൽ സീനിയോരിറ്റിയിൽ രണ്ടാമനാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ വിരമിക്കുമ്പോൾ അദ്ദേഹമാണു ചീഫ് ജസ്റ്റിസ് ആകേണ്ടത്.  

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് എസ്. മുരളിധറിൻ്റെ വസതിയിൽ അർദ്ധ രാത്രിയിൽ അടിയന്തരമായി വാദം കേൾക്കുകയും പരുക്കേറ്റ് അൽ ഹിന്ദ് ആശുപത്രിയിലുള്ളവരെ ജിടിബി ആശുപത്രിയിലേക്കു മാറ്റാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, കപില്‍ മിശ്ര എന്നിവർക്കെതിരെ കേസെടുക്കാനും പൊലീസിന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. കപിൽ മിശ്ര കലാപത്തിന് അഹ്വാനം ചെയ്തിട്ടില്ലെന്ന സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്തയുടെ വാദത്തെ ബിജെപി നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ദ്യശ്യങ്ങൾ പ്രദർശിപ്പിച്ചാണ് കോടതി പ്രതികരിച്ചത്. ചീഫ് ജസ്റ്റിസാണ് കേസ് പരിഗണിക്കേണ്ടതെന്ന തുഷാർ മേത്തയുടെ അവശ്യത്തെ ചീഫ് ജസ്റ്റിസ് അവധിയിലാണെന്നും അടിയന്തര സ്വഭാവമുള്ളതിനാൽ ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ പാലിച്ചു തന്റെ ബെഞ്ച് കേസ് പരിഗണിക്കുകയാണെന്നും ജസ്റ്റിസ് മുരളീധർ മറുപടിയും നൽകിയിരുന്നു. 

സാധാരണ സ്ഥലമാറ്റ ഉത്തരവിൽ ജോലിക്കു ചേരാനുള്ള സമയം രേഖപ്പെടുത്താറുള്ളതാണ്. എന്നാൽ ഇന്നലെ അർദ്ധരാത്രി ഇറക്കിയ വിജ്ഞാപനത്തിൽ ഈ കാര്യം വ്യക്തമാക്കിയിട്ടില്ല. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കുമ്പോൾ ജസ്റ്റിസ് എസ്. മുരളിധർ ഹെെക്കോടതിയിൽ ഉണ്ടാവില്ല.

content highlights: High Court Judge Who Criticised Cops Over Delhi Violence Transferred