വാട്സ്ആപ്പ് സ്വകാര്യ ആപ്പിൽ ആശങ്ക ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക; ഡൽഹി ഹെെക്കോടതി

It's A Private App, If You Don't Want To, Don't Use It

വാട്സ് ആപ്പ് സ്വകാര്യ ആപ്പാണെന്നും സ്വകാര്യതയെകുറിച്ച് ആശങ്കയുണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കണമെന്നും ഡൽഹി ഹെെക്കോടതി. വാട്സ്ആപ്പിൻ്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത് അഡ്വ ചെെതന്യ റോഹില സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹെെക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവയുടെ മറുപടി. വാട്‌സ്ആപ്പിന്റെ പുതിയ നയം ഉപയോക്താവിന്റെ സ്വകാര്യ പ്രവര്‍ത്തനങ്ങളെ മുഴുവനായും നിരീക്ഷിക്കുന്നതിന് ഇട നല്‍കുന്നതാണെന്ന വാദമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ സെന്‍സിറ്റീവ് ലോക്കേഷൻ ഡോറ്റയോ വാട്സ്ആപ്പ് ഫേസ്ബുക്കുമായി പങ്കിടുമെന്ന ആശങ്കയും ഹർജിയിൽ പങ്കുവെച്ചിരുന്നു.

എന്നാൽ വാട്സ്ആപ്പ് മാത്രമല്ല എല്ലാ ആപ്ലിക്കേഷനും അത് ചെയ്യുന്നുണ്ടെന്നായിരുന്നു ജഡ്ജിയുടെ മറുപടി. ഇതൊരു സ്വകാര്യ ആപ്പാണ്. അതിൽ ചേരാതിരിക്കുക. ഇത്തരം ഏതെങ്കിലും ആപ്പുകളുടെ നയങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടോയെന്ന് ഞാൻ സംശയിക്കുന്നു. എന്തിനൊക്കെയുള്ള അനുമതിയാണ് നൽകുന്നതെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും. ഇത് സ്വമേധയാ എടുക്കാവുന്ന തീരുമാനമാണ്. നയങ്ങൾ ഇഷ്ടമല്ലെങ്കില്‍ അംഗീകരിക്കാതിരിക്കാം. ആപ്പ് നിങ്ങൾക്ക് ആവശ്യമല്ലെങ്കിൽ ഉപയോഗിക്കാതിരിക്കാം. എന്താണ് നിങ്ങളുടെ ആശങ്ക എന്നു മനസിലാകുന്നില്ല. അത് മനസിലാകുന്നതുവരെ നിങ്ങളുടെ ഹർജിയിൽ നോട്ടീസ് പുറപ്പെടുവിക്കില്ല. ജസ്റ്റിസ് പറഞ്ഞു. നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നുണ്ടോ? അത് നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ? എന്നും അദ്ദേഹം ഹര്‍ജിക്കാരനോട് ചോദിച്ചു. ഹർജിയിലെ വാദം ജനുവരി 25ലേക്ക് മാറ്റുകയും ചെയ്തു.

content highlights: “It’s A Private App, If You Don’t Want To, Don’t Use It”: Delhi High Court on Plea Against WhatsApp’s Updated Privacy Policy