സിഎജി റിപ്പോർട്ടിലെ പോലീസ് അഴിമതി ചൂണ്ടികാട്ടി അന്വോഷണം ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്തെത്തി. സിംസ് പദ്ധതി, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ട്രാഫിക് സംവിധാനം തുടങ്ങിയ പ്രൊജക്ടുകളിലെ അഴിമതി എന്നിവയെല്ലാം അന്വോഷിക്കണമെന്നാവശ്യപെട്ടു കൊണ്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. പൊലീസിലെ അഴിമതിയെ കുറിച്ച് പ്രതികരണം അറിയണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. പോലീസ് അഴിമതി അന്വോഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വിജിലൻസിൻ്റയും നിലപാട്.
ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ കണ്ടെത്തലുകൾ പരിശോധിക്കേണ്ടത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണെന്നും, ചട്ടപ്രകാരം നിയമസഭ സമിതി പരിശോധിക്കേണ്ട കാര്യമായതിനാൽ വിജിലൻസ് അന്വോഷണത്തിൻ്റെ ആവശ്യമില്ലെന്നുമാണ് വിജിലൻസ് പ്രോസിക്യൂട്ടർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചത്. പോലീസിലെ ഗുരുതര ക്രമക്കേടുകളെ കുറിച്ചുള്ള സിഎജി കണ്ടെത്തലുകൾ തള്ളി ഡിജിപിയെ അനൂകൂലിച്ചു കൊണ്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടും പുറത്തു വന്നിരുന്നു. തോക്കുകൾ നഷ്ടപെട്ടിട്ടും ഔദ്യോഗിക വസതി ഇല്ലാത്തതു കൊണ്ടാണ് ഡിജിപിക്ക് വില്ല പണിതതെന്നും, ആധുനികവൽക്കരണത്തിനുള്ള സാധനങ്ങൾ വാങ്ങിയതിലുള്ള വീഴ്ച സർക്കാരിനാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highloights; cag report on police corruption, ramesh chennithala demanding cbi inquiry