പോക്സോ കേസ് പ്രതി റോബിൻ വടക്കുംചേരിയെ വെെദികവ്യത്തിയിൽ നിന്നും പുറത്താക്കി 

robin vadakkumchery expelled from the priesthood

കോട്ടിയൂർ ബലാൽസംഗ കേസ് പ്രതി റോബിൻ വടക്കുംചേരിയെ വെെദികവ്യത്തിയിൽ നിന്നും മാർപ്പാപ്പ പുറത്താക്കി. മാർപ്പാപ്പയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. റോബിൻ വടക്കുംചേരിലെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് മാനന്തവാടി രൂപതയ്ക്ക് ലഭിച്ചു. വത്തിക്കാൻ്റെ നടപടി റോബിനെ അറിയിച്ചു. 

2016ലാണ് കേസിന് ആസ്പദമാക്കിയ സംഭവം നടക്കുന്നത്. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് 2017ൽ റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വെെദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി വന്നതോടെയാണ്  പുറംലോകം അറിയുന്നത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു. കേസിൽ പ്രതിയായതിന് പിന്നാലെ റോബിൻ വടക്കുംചേരിയെ വൈദിക പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിൻ വടക്കുംചേരിയെ 20 വർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

അന്വേഷണ കാലയളവിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പടെ പ്രതിക്ക് അനുകൂലമായ രീതിയിൽ മൊഴി മാറ്റിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന വാദവും മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞു. 1997 ഡിസംബർ 18 ആണ് പെണ്‍കുട്ടിയുടെ ജനന തിയതി ആയി മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ ഇത് 1999 ഡിസംബർ 18 ആണെന്ന് പ്രോസിക്ക്യൂഷൻ കണ്ടെത്തി. തുടർന്ന് റോബിൻ വടക്കുംചേരിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. 

content highlights: robin vadakkumchery expelled from the priesthood