കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ഇനി മുതൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും സത്യവാങ്ങ്മൂലം നൽകണം. ഫെബ്രുവരി 27നാണ് വിചിത്രമായ സർക്കുലർ കാലിക്കറ്റ് സർവകലാശാല പുറത്തിറക്കിയിരിക്കുന്നത്. 2020- 21 അധ്യായന വർഷം മുതൽ അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികളും മാതാപിതാക്കളും ലഹരി ഉപയോഗിക്കുന്നില്ല എന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ പ്രവേശനം ലഭിക്കൂ എന്നാണ് ഉത്തരവിൽ പറയുന്നത്.
ലഹരി വിരുദ്ധ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ഇത്തരത്തിലൊരു സർക്കുലർ പുറത്തിറക്കിയത്. ലഹരി ഉപയോഗിക്കില്ലെന്ന് മാത്രമല്ല ഇത്തരം പ്രവർത്തികൾ ചെയ്താൽ അതിനുള്ള ശിക്ഷ മുന്നറിയിപ്പിലാതെ സ്വീകരിക്കുമെന്നും എഴുതി നൽകണമെന്ന് അസിസ്റ്റൻ്റ് രജിസ്ട്രാർ ഇറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡീൻ ഒരു സർക്കുലറിലൂടെ എല്ലാ കോളേജുകളിലേക്കും പ്രിൻസിപ്പൽമാർക്കും ഇമെയിൽ ചെയ്യുകയായിരുന്നു.
മദ്യം ഉൾപെടെയുള്ള ലഹരി ഉപയോഗിക്കുന്നവരുടെ മക്കൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ ഇനി മുതൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം ലഭിക്കില്ലെന്നാണ് പറയുന്നത്. സർക്കുലർ ഇറങ്ങിയത് അറിവോടെയല്ലെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. അത് കൊണ്ട് തന്നെ ഏത് സാഹചര്യത്തിലാണ് സർക്കുലർ ഇറങ്ങിയതെന്ന് അറിയില്ലെന്നും രജിസ്ട്രാർ പറഞ്ഞു. അതേ സമയം, സർക്കുലർ വിവാദമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ഉത്തരവ് ബാധകമാവുകയുള്ളു എന്ന് സർവകലാശാല അറിയിച്ചു.
Content Highlights: the University of Calicut with strange circular against liquor




