ആദ്യ പ്രസവത്തിൽ ഇരട്ട കുട്ടികളുണ്ടാകുന്ന സ്ത്രീകൾക്ക് രണ്ടാമത്തെ ഡെലിവറിയിൽ പ്രസവാനുകൂല്യങ്ങൾ ലഭിക്കില്ല; മദ്രാസ് ഹെെക്കോടതി

ആദ്യ പ്രസവത്തിൽ ഇരട്ട കുട്ടികളുണ്ടാകുന്ന ജോലിക്കാരായ സ്ത്രീകൾ രണ്ടാമത്തെ ഡെലിവറിയിൽ പ്രസവാനുകൂല്യങ്ങൾ ലഭിക്കാൻ യോഗ്യരല്ലെന്ന് മദ്രാസ് ഹെെക്കോടതിയുടെ പുതിയ ഉത്തരവ്. 

നിലവിലെ നിയമമനുസരിച്ച് ആദ്യത്തെ രണ്ട് ഡെലിവറികൾക്ക് ജോലിക്കാരായ സ്ത്രീകൾക്ക് പ്രസവാനന്തര ആനുകൂല്യങ്ങൾ ലഭിക്കും. ഇരട്ടകുട്ടികൾക്ക് ശേഷമുള്ള പ്രസവം രണ്ടാം ഡെലിവറിയാണോ മൂന്നാം ഡെലിവറിയാണോ എന്നത് തർക്കവിഷയമാണെങ്കിൽ കൂടി ഇരട്ട കുട്ടികൾ ഉണ്ടാവുന്നത് ഓരേ സമയത്തല്ല. അദ്യ കുട്ടി പുറത്തുവന്നതിന് ശേഷമാണ് രണ്ടാമത് കുട്ടി ജനിക്കുന്നത്. അതുകൊണ്ട് ഇരട്ടകുട്ടികളുടെ പ്രസവം രണ്ട് ഡെലിവറിയായി കണക്കാക്കുമെന്നും അത് ഒരേ സമയം നടക്കുന്ന പ്രക്രിയ അല്ലെന്നും കോടതി ചൂണ്ടികാട്ടി. ഇരട്ടകുട്ടികൾ ഉണ്ടാവുന്ന അവസരത്തിൽ ഒരാൾ ജനിച്ചതിന് ശേഷമാണ് അടുത്തയാൾ ഉണ്ടാവുന്നതെന്നും അവരുടെ വയസും പ്രായവും കണക്കാക്കുന്നത് അവർ  ജനിച്ച സമയത്തെ ഇടയിലുള്ള ഇടവേള നോക്കിയാണെന്നും കോടതി പറഞ്ഞു.

സിഐഎസ്എഫ് ജോലിക്കാരിയുടെ പ്രസവാനന്തര ആനുകൂല്യങ്ങൾ നീട്ടിയ 2019 ജൂണിലെ സിംഗിൽ ബെഞ്ചിൻ്റെ വിധിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ അപ്പീലിലാണ് കോടതി വിധി. ചീഫ് ജസ്റ്റിസ് എപി സഹി, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരുടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രസവാനുകൂല്യ നിയമങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു അന്ന് സിംഗിൽ ബെഞ്ചിൻറെ വിധി. എന്നാൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രസവാനുകൂല്യ നിയമങ്ങൾ അടിസ്ഥാനമാക്കിയല്ല പ്രസവാനുകൂല്യങ്ങൾ അനുവധിക്കേണ്ടതെന്നും കേന്ദ്ര സിവിൽ സർവ്വീസ് (അവധി) നിയമങ്ങൾ അടിസ്ഥാനമാക്കിയാവണം എന്ന് ചൂണ്ടികാട്ടിയാണ് കേന്ദ്രം കോടതിയെ സമീപിച്ചത്.  

content highlights: No maternity benefits for second pregnancy if first is twins says Madras HC