പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമിക്കാൻ രാസപദാർത്ഥങ്ങള്‍ വാങ്ങിയത് ആമസോണില്‍ നിന്ന്

ശ്രീനഗർ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ വർഷം 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച ബോംബ് നിർമിച്ചത് ആമസോണില്‍ നിന്ന് വാങ്ങിയ രാസപദാർത്ഥങ്ങളുപയോഗിച്ചെന്ന് റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാസപദാർത്ഥങ്ങള്‍ വാങ്ങിയയാള്‍ ഉള്‍പ്പെടെ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

വൈസ് ഉല്‍ ഇസ്ലാം, മുഹമ്മദ് അബ്ബാസ് റാദർ എന്നീ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരുടെ ആകെ എണ്ണം അഞ്ചായി.

ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചതായും, പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ നിർദ്ദേശ പ്രകാരമാണ് രാസപദാർത്ഥങ്ങളും, ബാറ്ററികളും വാങ്ങിയതെന്നും അന്വേഷണ സംഘം വിശദീകരിച്ചു. ഇത്തരത്തില്‍ വാങ്ങിയ സാധനങ്ങള്‍ ഭീകരര്‍ക്ക് നേരിട്ട് കൊണ്ടുപോയി കൊടുത്തത് വൈസുല്‍ ഇസ്ലാമാണെന്ന് എന്‍ഐഎ പറയുന്നു. മാത്രമല്ല 2018 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ മൊഹമ്മദ് ഉമറിന് വൈസുല്‍ ഇസ്ലാം തന്റെ വീട്ടില്‍ താമസ സൗകര്യവും ഒരുക്കി നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു.

ഇയാളെ കൂടാതെ ചാവേറായ അദില്‍ അഹമ്മദ് ദറിനും ജെയ്‌ഷെ ഭീകരരായ സമീര്‍ അഹമ്മദ് ദര്‍, കമ്രാന്‍ എന്നിവരെ പുല്‍വാമ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വരെ സ്വന്തം വീട്ടില്‍ ഇയാള്‍ താമസിപ്പിച്ചിരുന്നു. അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്‌സ് എന്നിവയുപയോഗിച്ചാണ് പുല്‍വാമ ആക്രമണത്തിന് ഭീകരര്‍ ബോംബ് നിര്‍മിച്ചത്.

Contents Highlight: The materials to make bomb for Pulwama Attack is ordered through Amazon