കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വാർത്ത സമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേർന്ന ശേഷമാണ് മന്ത്രി വാർത്ത സമ്മേളനം നടത്തിയത്. കൊറോണ ബാധ സ്ഥിരീകരിച്ച അഞ്ച് പേരിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്നെത്തിയവരാണ്. റാന്നി ഐത്തല സ്വദേശികളാണിവർ. ഫെബ്രുവരി 29നാണ് ഇവർ ഇറ്റലിയിൽ നിന്നെത്തിയത്. എയർപോർട്ടിൽ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല.
കൊറോണ ബാധ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ ആരോഗ്യ വകുപ്പിനെ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധനയും ഇവർ പാലിച്ചിരുന്നില്ല. അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്നെത്തിയത്. ഇവർ സന്ദർശിച്ച ബന്ധുവീട്ടിലെ രണ്ട് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറാൻ വിസമ്മതിച്ച ഇവരെ നിർബന്ധിച്ചാണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഇവരുമായി ഇടപഴകിയവര്‍ എല്ലാവരും നിലവില്‍ ആരോഗ്യവകുപ്പിൻ്റെ നിരീക്ഷണത്തിലാണ്.
Content Highlights; kk shailaja confirmed new corona virus case in kerala