അഴിമതി വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് നെതന്യാഹു അപേക്ഷ സമർപ്പിച്ചു

ജറുസലേം: മാർച്ച് 17 ന് നടത്താനിരുന്ന അഴിമതി വിചാരണ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അപേക്ഷ സമർപ്പിച്ചു. അഭിഭാഷകനായ അമിത് ഹദാദാണ് സാങ്കേതിക തടസങ്ങള്‍ ചൂണ്ടികാട്ടി അറ്റോണി ജനറൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. 45 ദിവസത്തേക്ക് വിചാരണ നീട്ടണമെന്നാണ് അപേക്ഷയിലെ ആവശ്യം.

എന്നാൽ, ആവശ്യമായ തെളിവുകള്‍ പലതും ഇതുവരെയും സമർപ്പിച്ചിട്ടില്ലെന്ന് പ്രതിരോധ സംഘം വ്യക്തമാക്കി. കൂടാതെ, അറ്റോണി ഓഫീസ് തയാറാക്കിയ തെളിവുകളുടെ ഹാർഡ് കോപ്പിക്ക് പകരം ഡിജിറ്റൽ കോപ്പികളും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 2ന് നടന്ന ഇസ്രയേലി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മുന്നണി രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നെതന്യാഹു അപേക്ഷ സമർപ്പിച്ചത്.

70കാരനായ നേതാവിനെതിരെ കൈക്കൂലി വാങ്ങൽ, വഞ്ചന, വിശ്വാസലംഘനം എന്നീ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ തനിക്കെതിരായ നടപടി കളങ്കപ്പെട്ടതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.

Content Highlight: Netanyahu submit request for postpone corruption trial.