ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരുടെ നമസ്തേ ഉപയോഗിക്കാൻ ഉപദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി

ജറുസലേം: ആഗോള തലത്തില്‍ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ തടയാനുള്ള പ്രതിവിധിയായാണ് ഹസ്തദാനത്തിന് പകരം ഇന്ത്യക്കാർ ആളുകളെ സ്വീകരിക്കാൻ ഉപയോഗിക്കുന്ന കൈകള്‍ കൂപ്പിയുള്ള നമസ്തെയോ, ജൂതർ പരസ്പരം അഭിസംബോധന ചെയ്യുന്ന ശാലോം എന്ന വാക്കോ പറയാൻ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടത്. ജനങ്ങളെ ഉപദേശിച്ചതോടൊപ്പം കൈകൂപ്പി ജനങ്ങളെ അഭിവാദ്യം ചെയ്തു.

വായുവിലൂടെ വേഗത്തില്‍ മറ്റൊരാളിലേക്ക് പടരുന്ന വൈറസ് നിയന്ത്രിക്കാനുള്ള ശ്രമം ആഗോള തലത്തില്‍ സ്വീകരിച്ചു കഴിഞ്ഞു. കായിക മേഖലയിടക്കം മത്സരത്തിന് മുമ്പുള്ള ഹസ്തദാനവും ആലിംഗനവും വൈറസ് ബാധയെത്തുടർന്ന് ഒഴിവാക്കിയിരുന്നു.

ഇസ്രയേലില്‍ 15 കൊറോണ വൈറസ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 7,000ത്തോളം ആളുകള്‍ നിരീക്ഷണത്തിലാണ്. അയ്യായിരത്തിലധികം ആളുകളുടെ പൊതുസമ്മേളനങ്ങൾ ഇസ്രായേലിൽ നിരോധിക്കുകയും വിദേശത്തേക്ക് പോകുന്നത് ഒഴിവാക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇതുവരെ രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 3000കടന്നു. 90,000ത്തിലധികം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ ഇതേവരെ 28 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Greet With Namaste: Israel’s Benjamin Netanyahu Amid Coronavirus