കൊവിഡ് ബാധിതരായ അമ്മമാരിൽ നിന്ന് നവജാത ശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം

Newborns less likely to contract coronavirus from mothers

കൊവിഡ് ബാധിച്ച അമ്മമാരിൽ നിന്നും നവജാത ശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം. യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇർവിങ് മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി മാർച്ച് 13 മുതൽ ഏപ്രിൽ 24 വരെ കൊവിഡ് ബാധിച്ച 101 അമ്മമാരെയാണ് ഗവേഷകർ നിരീക്ഷിച്ചത്. പ്രസവ ശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയിൽ പാർപ്പിച്ചത്.

ശുചിത്വം പാലിച്ച് മുലയൂട്ടുന്നത് ഉൾപെടെയുള്ള കാര്യങ്ങൾ അനുവദിക്കുകയും ചെയ്തിരുന്നു. ഗർഭാവസ്ഥയിൽ അമ്മമാരിൽ നിന്നും കുട്ടികളിലേക്ക് രോഗം പകർന്നതായി കണ്ടെത്താൻ സാധിച്ചില്ല. കുട്ടികളെല്ലാം പൂർണ്ണ ആരോഗ്യവാന്മാരാണെന്നും രണ്ട് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഗവേഷകരിലൊരാൾ വ്യക്തമാക്കി. ഗവേഷണ ഫലം ജമാ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചു.

മുലയൂട്ടുമ്പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണു നശീകരണം ഉൾപെടെയുള്ള കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു വ്യക്തമാക്കി. കൂടാതെ കുട്ടികളിലെ രോഗപ്രതിരേധ ശേഷി വർധിപ്പിക്കുന്നതിനായി ശുചിത്വത്തോടൊപ്പം മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Content Highlights; Newborns less likely to contract coronavirus from mothers