മുസ്ലീങ്ങൾക്ക് ഐക്യദാർഢ്യവുമായി ഹോളി അഘോഷങ്ങൾ ഉപേക്ഷിച്ച് പാക്കിസ്താനിലെ ഹിന്ദുക്കൾ

Pakistani Hindus march, cancel major Holi celebrations to protest Delhi riots

ഡൽഹി കലാപത്തിന് ഇരയായ മുസ്ലീങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്താനിലെ ഹിന്ദു സമൂഹം. ഞങ്ങൾ ഡൽഹിയിൽ ആക്രമണത്തിന് ഇരയായ മുസ്ലീം സഹോദരങ്ങളോടൊപ്പമാണെന്നും ഇതിൻ്റെ ഭാഗമായി ഈ വർഷത്തെ ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അവർ വ്യക്തമാക്കി. പിന്തുണ പ്രഖ്യാപിച്ച് ഐക്യദാർഢ്യ റാലിയും നടത്തി. 

പാക്കിസ്താനിലെ രണ്ട് ശതമാനം മാത്രം വരുന്ന ഹിന്ദുക്കൾ തെക്കൻ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്നവരാണ്. ഹോളിയെ ഒരു ഉത്സവമായി കണ്ട് ആഘോഷിച്ചു പോന്നവരാണ് ഇവിടെയുള്ള ഹിന്ദുക്കൾ. എന്നാൽ ഫെബ്രുവരി 23 ന് ഡൽഹിയിൽ 53 പേരുടെ മരണത്തിന് ഇടയാക്കിയ കലാപം വരാനിരിക്കുന്ന ഉത്സവത്തിൻ്റെ സന്തോഷം ഇല്ലാതാക്കിയതായി റാലിയിൽ പങ്കെടുത്ത പ്രകടനക്കാർ പറഞ്ഞു. ഹോളി ദിവസം മതപരമായ ആചാരങ്ങൾ ഒഴിച്ച് മറ്റ് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരിക്കില്ലെന്നും അവർ വ്യക്തമാക്കി. 

ഡൽഹിയിൽ ഞങ്ങളുടെ മുസ്ലീം സഹോദരങ്ങളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. അവരുടെ വീടുകൾ തകർന്നു. ഇത് ഞങ്ങളെ ആഴത്തിൽ വേദനിപ്പിച്ചു. അതുകൊണ്ടാണ് റാലി നടത്താൻ ഞങ്ങൾ തീരുമാനിച്ചത്. റാലിയിൽ പങ്കെടുത്ത പണ്ഡിറ്റ്‌ മുകേഷ് കുമാർ പറഞ്ഞു. മതന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുന്നതിൽ നിന്ന് മോദിയെയും സർക്കാരിനെയും തടയാൻ ആഗോള സംഘടനകൾ ഇടപെടണമെന്നും മുസ്ലീങ്ങളുടേയും മറ്റ് മതന്യൂനപക്ഷങ്ങളുടേയും അവകാശങ്ങൾക്കായി നിലകൊള്ളണമെന്ന് ഇന്ത്യയിലെ നമ്മുടെ ഹിന്ദു സഹോദരന്മാരോട് ആഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

content highlights: Pakistani Hindus march, cancel major Holi celebrations to protest Delhi riots