തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 12 ആയി. 1116 പേർ നിരീഷണത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗം പടരുന്ന സാഹചര്യത്തിൽ ജാഗ്രതയല്ല, അതീവ ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് ഈ മാസത്തെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. സിനിമാശാലകളും നാടകങ്ങളും അടക്കം ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികളും നിര്‍ത്തി വെക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. ഇത് അടിച്ചേൽപ്പിക്കുകയല്ലെന്നും എല്ലാവരോടും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകളുകളിലെയും ഏഴു വരെ ക്ലാസുകളിൽ അവധി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഏഴാം ക്ലാസുവരെയുള്ള പരീക്ഷകളും ഒഴിവാക്കി. 8,9,10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. അതേസമയം, പ്രൊഫഷണൽ കോളജുകള്‍ക്കുള്‍പ്പെടെ അവധി ബാധകമാണ്. അങ്കണവാടികളും മദ്രസകളും പാരലൽ കോളേജുകളും ട്യൂഷൻ സെൻററുകളും പ്രവര്‍ത്തിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്കും മുൻകരുതൽ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
കൊറോണ വൈറസ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Six new corona cases confirmed in Kerala