സോളാര്‍ പീഡനക്കേസ് സിബിഐക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരം; മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയായില്ല

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട നടപടി മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന രണ്ട് മന്ത്രിസഭ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചയായിരുന്നില്ലെന്നാണ് വിവരം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശ പ്രകാരം മുഖ്യമന്ത്രി ആണ് തീരുമാനം എടുത്തത്.

കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കളെയും, ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണ്ണായകമായ കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പാഡനപ്പരാതികളാണ് സിബിഐക്ക് വിട്ടത്.

കഴിഞ്ഞ നാല് വര്‍ഷമായി കേസില്‍ യാതൊരു നീക്കവും നടത്താത്ത സര്‍ക്കാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നടത്തിയ നടപടി രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യാതെയാണ് നടപടി എന്ന വിവരം പുറത്തു വരുന്നത്.

അതേസമയം, സോളാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടുള്ള വിജ്ഞാപനം സംസ്ഥാനം ഉടന്‍ തന്നെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയക്കും. മന്ത്രാലയമാണ് സിബിഐക്ക് ശുപാര്‍ശ നല്‍കുക. കേസ് ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യം സിബിഐ അറിയിക്കും.

Content Highlight: Solar Case handed over to CBI without discussion in Cabinet