മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്കലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.
പാലത്തിങ്കലില്‍ വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇവയുടെയും പരിസരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ പക്ഷിയുടെയും സാമ്ബിളുകള്‍ ഭോപ്പാലില്‍ പരിശോധനക്ക് അയച്ചിരുന്നു. മൂന്ന് സാമ്ബിളുകള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണവും പോസിറ്റീവ് ആണ് ഫലം.
പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് കത്തിക്കും. ഇതിന്‍റെ തീയതിയും സമയക്രമവും തീരുമാനിക്കും.
അതേസമയം രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊടിയത്തൂരിലും വേങ്ങരയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഇവിടങ്ങളില്‍ പക്ഷികളെ പിടികൂടി കൊന്ന് കത്തിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിരുന്നു. രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. വീടുകളില്‍ അവശേഷിക്കുന്ന പക്ഷികളെ പിടികൂടി കൊല്ലുകയാണ് ചെയ്യുക. പരിശോധനയ്ക്ക് എത്തിയ കേന്ദ്രസംഘം ഇന്ന് വേങ്ങേരി സന്ദര്‍ശിക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Content Highlight: Bird Flu confirmed in Malappuram too