ന്യൂഡൽഹി: ചൈനക്ക് ശേഷം കൊറോണ വൈറസ് രൂക്ഷമായ ഇറാനിൽ കുടുങ്ങി കിടന്ന രണ്ടാം സംഘം ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. 44 പേരടങ്ങുന്ന സംഘത്തെയാണ് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇറാനിൽ നിന്നുള്ള ആദ്യ സംഘം ഡൽഹിയിൽ എത്തിയത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ഇവരെ തിരികെയെത്തിച്ചത്. ബാക്കിയുള്ളവരെയും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
പരിശോധന കൂടാതെ ഒരാളെ പോലും ഇന്ത്യയിലെത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോകസഭയിൽ പറഞ്ഞിരുന്നു. അതിർത്തികളിൽ പരിശോധന കർശനമാക്കിയതായും കൊവിഡ്-19 പരിശോധന സ്വകാര്യ ലാബിൽ നടത്തേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. ഒരു ലക്ഷം പരിശോധന കിറ്റുകൾ തയാറാണ്.
ഇന്ത്യയിലേക്കുള്ള സന്ദർശക വിസ കേന്ദ്രസർക്കാർ ഏപ്രിൽ 15 വരെ നിർത്തി വച്ചു. ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ താത്കാലികമായി റദ്ദാക്കി. രാജ്യത്ത് ഇതുവരെ 74 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
Content Highlight: Second group of Indians from Iran reached Mumbai Airport