സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ 3 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 12,740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് മാത്രം കോവിഡ് ഉണ്ടെന്ന് സംശയിക്കുന്ന 72 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മതസ്ഥാപനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏര്‍പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് 100 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു. എല്ലാ പാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും, അത് സര്‍ക്കാരിന് ഊര്‍ജ്ജം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഏര്‍പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചു. സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യാപാരമേഖലയിലും തൊഴില്‍ മേഖലയിലും സൃഷ്ടിച്ച സ്തംഭനാവസ്ഥ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമുഹിക ജീവിതം അതേ രീതിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ കൊവിഡിനെതിരെ ജാഗ്രത പാലിക്കണം.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കും. ആരാധനാലയങ്ങളില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു ഘട്ടം കൂടി കടക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജോലി ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ ക്യാമ്പുകളില്‍ കഴിയണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here