കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ച് കൂടിയവർക്കെതിരെ കേസെടുത്തു. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാലുപേർക്കെതിരെയും കണ്ടാൽ അറിയാവുന്ന 75 പേർക്കെതിരെയുമാണ് കേസ്.
ഇന്നലെ രാത്രിയാണ് സംഭവം. ബിഗ് ബോസ് റിയാലിറ്റി ഷോ താരമായ രജിത് കുമാറിനെ മറ്റൊരു ബിഗ് ബോസ് അംഗത്തിൻ്റെ കണ്ണിൽ മുളക് തേച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുറത്താക്കിയിരുന്നു. പിന്നീട് ചെന്നെെയിൽ നിന്ന് വിമാനത്താവളത്തിൽ എത്തിയ രജിത് കുമാറിനെ സ്വീകരിക്കാൻ നൂറുകണക്കിന് പേർ എത്തുകയായിരുന്നു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. എറണാകുളം കളക്ടർ സുഹാസിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്തു. മനുഷ്യജീവനേക്കാൾ വില താരരാധനക്കില്ലെന്ന് കളക്ടർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അന്യായമായി സംഘം ചേരൽ, സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിക്കൽ, പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തി അപകടം വരുത്തിവയ്ക്കാനുള്ള ശ്രമം എന്നിങ്ങനെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസ്. വിമാനത്താവളത്തിൻ്റെ 500 മീറ്റർ പരിതിയിൽ പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന നിയമവും ലംഘിച്ചിട്ടുണ്ട്.
content highlights: case against people crowded at cochin airport to receive reality show star