കൊവിഡ് 19 മരണം 6000 കടന്നു; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 369 മരണം

കൊവിഡ് ബാധയേറ്റ് ലോകത്ത് മരിച്ചവരുടെ എണ്ണം 6000 കടന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം മരണസംഖ്യ 6086 ആയി ഉയര്‍ന്നു. ഇറ്റലിയില്‍ ഇന്നലെ മാത്രം 369 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം 29 പേര്‍ മരിച്ചതോടെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 120 ആയി. 24 മണിക്കൂറിനുളളില്‍ ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിലും അതിവേഗം രോഗം പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌പെയിനില്‍ രോഗവാധിതരുടെ എണ്ണം 7735 ല്‍ എത്തി. 24 മണിക്കുറിനുള്ളില്‍ 1362 ഓളം പുതിയ കേസുകളാണ് സ്‌പെയിനില്‍ റിപ്പോര്‍ട്ടു ചെയ്യപെട്ടത്. ഒരു ദിവസം മാത്രം 97 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 288 ആയി ഉയര്‍ന്നു. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ സ്‌പെയിന്‍ ഇപ്പോള്‍ 4 ആം സ്ഥാനത്താണ്.

അമേരിക്കയില്‍ 5 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപെട്ടതോടെ മരണസംഖ്യ 62 ആയി. ബ്രിട്ടണില്‍ കഴിഞ്ഞ ഒരു ദിവസം മാത്രം 14 പേര്‍ മരിച്ചതോടെ മരണസംഖ്യ 35 ആയി. നെതര്‍ലന്‍ഡ്‌സില്‍ പുതിയതായി 8 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 20 ആയി. ദക്ഷിണകൊറിയയില്‍ 75 പേരാണ് മരിച്ചത്. അതേസമയം ചൈനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. പുതുതായി 25 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 10 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപെട്ടു.