സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. രാജ്യസഭാ അംഗമായ മുതിര്‍ന്ന അഭിഭാഷകന് കെടിഎസ് തുളസിയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്.
രാമജന്മഭൂമി സംബന്ധിച്ച കേസ്, സ്വവര്‍ഗലൈംഗികത സംബന്ധിച്ച കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം തുടങ്ങി സുപ്രധാന വിധിന്യായങ്ങള്‍ ഉണ്ടായ കേസുകളില്‍ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചിരുന്നു. സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ സഹായിക്കുന്ന അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനുവേണ്ട നിയമപരമായ നീക്കങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്തവും രഞ്ജന്‍ ഗോഗോയ്ക്കായിരുന്നു.








