ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കടന്നു. ഇതോടെ കൊവിഡ് വൈറസ് ബാധയേറ്റുള്ള മരണം 7007 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 176,536 ആയി ഉയര്‍ന്നു. ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 3,213 ആണ്. ഇറ്റലിയില്‍ 2,158 പേരും ഇറാനില്‍ 853 പേരും കൊവിഡ് ബാധയേറ്റ് മരിച്ചു.
ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും 10 പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചു. ജൂലൈ വരെ കൊവിഡ് വ്യാപനം തുടരാന്‍ സാധ്യതയെന്നും ട്രംപ് പറഞ്ഞു. കൊവിഡ് മൂലം അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ച ഇപ്പോഴും തുടരുന്നു. സാന്‍ഫ്രാന്‍സിസ്കോയിലും ന്യൂജഴ്സിയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ താജ്മഹല്‍ അടക്കമുള്ള ദേശീയ സ്മാരകങ്ങളില്‍ സന്ദര്‍ശക വിലക്കേര്‍പെടുത്തി. യൂറോപ്യന്‍ യൂണിയന്, ബ്രിട്ടണ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് നാളെ മുതല്‍ ഇന്ത്യയിലെത്തുന്നതിന് വിലക്കുണ്ട്.