കൊവിഡ് 19: സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോറോണ ജാഗ്രതയുടെ ഭാഗമായുള്ള സര്‍ക്കാരിന്റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം ലോ കോളെജില്‍ സന്ദര്‍ശനം നടത്തി.

മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷയുടെ അവസാന ദിനമായ ഇന്ന് ഗവര്‍ണര്‍ കൊളെജ് സന്ദര്‍ശിക്കുകയായിരുന്നു. ഇത് കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണെന്നാണ് ഗവര്‍ണറുടെ വിശദ്ധീകരണം. യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് മുപ്പതോളം കുട്ടികളുമായി ഗവര്‍ണറും സംഘവും ഇടപഴകിയത്. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന സാനിറ്റൈസറും മാസ്‌കുമൊന്നും ഉപയോഗിക്കാതെയാണ് അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിച്ചത്.

മുമ്പ് പൊന്‍മുടിയില്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയതും കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് പൊന്‍മുടി സന്ദര്‍ശനത്തെക്കുറിച്ച് ഗവര്‍ണര്‍ പ്രതികരിച്ചത്. പൊന്‍മുടിയില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചെന്നും ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. ആകെ 36 മണിക്കൂറാണ് പൊന്‍മുടിയില്‍ ചിലവഴിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലോ കോളജ് സന്ദര്‍ശിച്ച അദ്ദേഹം പരീക്ഷകള്‍ മാറ്റി വയ്‌ക്കേണ്ടതില്ലെന്ന പ്രഖ്യാപനവും നടത്തിയിട്ടാണ് മടങ്ങിയത്.