കൊവിഡ് 19 നിരീക്ഷണത്തിൽ നിന്നും ചാടി പോകുന്നവരെ തിരിച്ചറിയുന്നതിനായി കൈയ്യിൽ മുദ്ര പതിപ്പിക്കുമെന്ന് മഹാരാഷ്ട്ര

Those in home quarantine in Maharashtra to be stamped on left hand

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം തടയാൻ പുതിയ നീക്കം. കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആവശ്യപെടുന്നവരുടെ കൈകളിൽ മുദ്ര പതിപ്പിക്കാനാണ് പുതിയ തീരുമാനം. 39 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ നിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ഇതിനായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഇടതു കൈയ്യുടെ പിറകിലായി മുദ്ര പതിപ്പിക്കും. മുഖ്യമന്തിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം. കുറച്ച് ദിവസങ്ങൾക്കുള്ളിൽ കൊവിഡ് ബാധ സംശയിക്കുന്ന ഏഴ് പേരാണ് ഐസൊലേഷനിൽ നിന്ന് ചാടിപ്പോയത്. ഇത് ആവർത്തിക്കാതിരിക്കാൻ കൂടിയാണ് ഈ നടപടി. ഒരാൾക്ക് കൊറോണ ബാധിക്കുന്നത് കുറ്റമല്ലെന്നും അവർക്ക് നിർബന്ധമായും വൈദ്യ സഹായവും മാനസിക പിന്തുണയും നൽകുകയും, ജില്ലാ അഡ്മിനിസ്ട്രേഷൻ ഇതിനു വേണ്ട ബോധവൽകരണം നൽകുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ആശുപത്രികളിലും വിമാനത്താവളത്തിലുമുള്ള അധികൃതർക്ക് ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കമ്മീഷണർ തിങ്കളാഴ്ച വൈകിട്ടോടെ ഇത് സംബന്ധിച്ച നിർദ്ധേശം കൈമാറി. തെരഞ്ഞടുപ്പിന് വോട്ടർമാരുടെ വിരലുകളിൽ പതിക്കുന്ന അതേ മഷി തന്നെയാണ് ഇതിനായും ഉപയോഗിക്കുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പ് വ്യക്തമാക്കി. ഈ രോഗി നിർബന്ധിത നിരീക്ഷണത്തിലായിരിക്കും എന്നാകും എഴുതുന്നത്. മാർച്ച് 31 വരെ ഇത് തുടരും. ഇതിലൂടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപെടുന്നവരെ തിരിച്ചറിയുവാനായി മറ്റുള്ളവരെ സഹായിക്കുമെന്നും, ആളുകളോട് ഇടപഴകുന്നത് കുറയ്ക്കാനാകുമെന്നും മന്ത്രി അഭിപ്രായപെട്ടു.

Content Highlights; Those in home quarantine in Maharashtra to be stamped on left hand