കൊവിഡ് 19; രണ്ടാം തവണയും കേരളത്തെ പ്രശംസിച്ച് സൂപ്രീം കോടതി

കൊവിഡിനെ നേരിടുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം തവണയും കേരളത്തെ പ്രശംസിച്ച് സൂപ്രീം കോടതി. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ അങ്കണവാടി കുട്ടികള്‍ക്ക് കേരളം ഉച്ചഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നതിനാണ് കോടതിയുടെ പ്രശംസ. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്തുചെയ്യുകയാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്വപെട്ടു.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപെട്ട് കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രശംസിച്ചത്.

കൊവിഡിനെ കേരളം നേരിട്ട രീതിയെ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി പ്രശംസിക്കുന്നത്. കേരളത്തിലെ ജയിലുകളില്‍ കൊറോണയെ പ്രതിരോധിക്കാന്‍ ഏര്‍പെടുത്തിയ മാര്‍ഗങ്ങള്‍ക്കാണ് നേരത്തെ കോടതിയുടെ പ്രശംസ ലഭിച്ചത്. രാജ്യത്തെ ജയിലുകളില്‍ കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാത്തതിലും കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജയിലിലെ കൊവിഡ് ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസും അയച്ചു. ഈ നോട്ടിസിലാണ് കേരളത്തിലെ ജയിലുകളില്‍ ക്രമീകരിച്ചിരിക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോടതി പ്രത്യേകം പ്രശംസിച്ചത്.

കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ടെന്നും രോഗലക്ഷണമുള്ളവരെ ഇവിടേക്ക് മാറ്റുമെന്നും നോട്ടീസില്‍ പറയുന്നു. പുതുതായി ജയിലില്‍ എത്തുന്നവര്‍ ആറു ദിവസം ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലായിരിക്കുമെന്നും നോട്ടീസില്‍ പരാമര്‍ശമുണ്ട്.