യുവന്റസ് ഫുട്‌ബോള്‍ താരം ബ്ലെയിസ് മറ്റിയൂഡിക്കും കൊവിഡ് സ്ഥിരീകരിച്ചു

യുവന്റസ് ഫുട്‌ബോള്‍ താരമായ ബ്ലെയിസ് മറ്റിയൂഡിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 11 മുതല്‍ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.രോഗബാധിതനായ രണ്ടാമത്തെ യുവന്റസ് താരമാണ് മറ്റിയൂഡി. കഴിഞ്ഞ ആഴ്ച്ച യുവന്റസ് പ്രതിരോധ താരം ഡാനിയല്‍ റുഗാനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തങ്ങളുടെ 35 ശതമാനം കളിക്കാര്‍ക്കും, സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി സ്‌പെയിന്‍
ഫുട്‌ബോള്‍ ക്ലബായ വലന്‍സിയ സി.എഫ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ലാ ലിഗ, പ്രീമിയര്‍ ലീഗ്, സീരി എ തുടങ്ങിയ ലീഗ് മത്സരങ്ങളെല്ലാം കൊറോണ ജാഗ്രതയെ തുടര്‍ന്ന് മാറ്റി വച്ചു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ യൂറോ കപ്പ് ഫുട്‌ബോളും, കോപ്പ അമേരിക്കയും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ചിരുന്നു. ടോക്യോ ഒളിംപിക്‌സിന്റെ ദീപശിഖാപ്രയാണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കികൊണ്ട് ദീപശിഖാ പ്രയാണം നടത്താനാണ് തീരുമാനം.