കൊവിഡ് 19: പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് വ്യാപനം മൂലമുണ്ടായപ്രതിസന്ധിയെ മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജുമായി സംസ്ഥാനസര്‍ക്കാര്‍. കുടുബശ്രീ വഴി 2000 കോടി രൂപ വായ്പ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഏപ്രില്‍ മാസത്തിലെ ഗഡുവുംകൂടി ഈ മാസം നല്‍കും. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യ ധാന്യം വിതരണം ചെയ്യും. ഇതിനു 100 കോടി രൂപയാണ് ചെലവ്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ദതി ആവിഷ്‌കരിക്കും.

ഓട്ടോ, ടാക്‌സി ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ് നല്‍കും. ബസുകള്‍ക്കും സ്റ്റോറജ് കാര്യേജുകള്‍ക്കും ഒരു മാസത്തെ ഇളവു നല്‍കാനാണ് തീരുമാനം. സിനിമാതിയറ്റുകള്‍ക്ക് വിനോദ നികുതിയില്‍ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളക്കരം അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കും.

കൊവിഡിനെ നേരിടാന്‍ സൈന്യം കേരളത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈനിക ആശുപത്രികളും ഹെലിക്കോപ്റ്ററുകളും ഉപയോഗിക്കാന്‍ അനുമതി ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരാറുകളാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക ഏപ്രില്‍ മാസംതന്നെ കൊടുത്തു തീര്‍ക്കും. കൊവിഡിനെ നേരിടാന്‍ 500 കോടി രൂപയുടെ ആരോഗ്യ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി . ഇന്ന് ഒരാള്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍നിന്നു വന്ന കാസര്‍ഗോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 237 പേര്‍ ആശുപത്രിയില്‍ ആണ്.