കൊവിഡ് 19; മരണം 4 ആയി, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ പുറത്തുവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണം 4 ആയി. ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെത്തിയ 70 വയസുകാരനാണ് മരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ വീടിനു പുറത്തുവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 65 വയസിനു മുകളിലുള്ളവരും വീട്ടിനുള്ളില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. ആരോഗ്യരംഗത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സര്‍ക്കാര്‍ ജീവനക്കാരും ഒഴികെയുള്ളവര്‍ക്കാണ് നിര്‍ദ്ദേശം. രാജ്യത്ത് ഒരാഴ്ച്ചത്തേക്ക് അന്താരാഷ്ട്രാ വിമാനസര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പെടുത്തി. മാര്‍ച്ച് 22 മുതലാണ് വിലക്ക് നിലവില്‍ വരുക.

എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റി വയ്ക്കണമെന്ന് യുജിസി നിര്‍ദ്ദേശിച്ചു. അതേസമയം ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം
നടത്തുമെന്നാണ് കേരളത്തിലെ സര്‍വ്വകലാശാലകളുടെ നിലപാട്.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാരും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട. ഈ മാസം 31 വരെ ഡല്‍ഹിയിലെ എല്ലാ റസ്റ്റോറന്റുകളും അടച്ചിടും. 20 പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും ഡല്‍ഹി സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

ഇറാനില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ മരിച്ചു.