ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂ; ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

ഞായറാഴ്ച്ച ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണ് ഇത്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഏര്‍പെടുത്തുന്ന ജനതാ കര്‍ഫ്യൂ ആണിത്. ജനതാ കര്‍ഫ്യൂ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും സംഘടനകളും മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഞായറാഴ്ച്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അടുത്ത രണ്ടു ദിവസം കൊണ്ട് ഈ സന്ദേസം ഫോണിലൂടെ പ്രചരിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്ഥിതി അതീവ ഗൗരവകരം എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ലോകമഹായുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ നേരിടാന്‍ ഓരോ ഇന്ത്യന്‍ പൗരനും ക്ഷമയും, നിശ്ചയദാര്‍ഢ്യവും കാട്ടണം.

ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവരോട് രാജ്യം 22 ന് വൈകിട്ട് 5 മണിക്ക് നന്ദി പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മിനിറ്റ് നേരം കൈയ്യടിച്ചോ സമാനമായ ശബ്ദ്ദമുണ്ടാക്കിയോ ആണ് നന്ദി പ്രകടിപ്പിക്കേണ്ടത്. അത്യാവശ്വമില്ലാത്ത കാര്യങ്ങള്‍ക്ക് ആശുപത്രികളെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വ്യാപാരികളോടും വ്യവസായികളോടും ശമ്പളം നല്‍കാതിരിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.