നിര്‍ഭയ കേസ് പ്രതികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

ഇന്ന് പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റിയ നിര്‍ഭയ കേസ് പ്രതികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാദ്യായ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. 2013 ല്‍ കേസിലെ മറ്റൊരു പ്രതി റാം സിങ് ആത്മഹത്യ ചെയ്തപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ഇതേ ആശുപത്രിയിലാണ്. തൂക്കിലേറ്റുമ്പോള്‍ പ്രതികള്‍ പൂര്‍ണ ആരോഗ്യവാന്മാരായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

6 മണിയോടെ തന്നെ മൃതദേഹം കഴുമരത്തില്‍നിന്ന് ഇറക്കിയിരുന്നു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചശേഷമാണ് മൃതദേഹം താഴെയിറക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കും. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെങ്കിലും സംസ്ഥാന ജയില്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ല.

നാലു പ്രതികളെയും ഒരുമിച്ചാണ് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. കൃത്യം 5.30 ന് തന്നെ ശിക്ഷ നടപ്പാക്കിയെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. ആഹ്ലാദാരവം മുഴക്കികൊണ്ട് ജയിലില്‍ മുമ്പില്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു.

നിര്‍ഭയ കേസിലെ പെണ്‍കുട്ടി ബസിനുള്ളില്‍ വച്ച് ക്രൂര പീഡനത്തിനിരയായി മരിച്ചത് 7 വര്‍ഷം മുമ്പാണ്. മുകേഷ് സിങ്ങ് (32) പവന്‍ ഗുപ്ത (25) വിനയ് ശര്‍മ്മ (26) അക്ഷയ് കുമാര്‍ സിങ്ങ് (31) എന്നീ പ്രതികളുടെ വധശിക്ഷയാണ ഇന്നു നടപ്പിലാക്കിയത്. കേസിലെ മറ്റൊരു പ്രതിയായ റാം സിങ്ങ് 2013 ല്‍ തീഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015 ല്‍ ജുവനൈല്‍ ഹോമില്‍നിന്ന് പുറത്തിറങ്ങിയിരുന്നു.