പ്രതികളെ തൂക്കിലേറ്റി; തങ്ങളും അവസാനം വരെ പോരാടിയെന്ന് നിര്‍ഭയയുടെ അമ്മ

നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് രാവിലെ 5.30 ന് തന്നെ തൂക്കിലേറ്റി. പ്രതികള്‍ക്കൊപ്പം തങ്ങളും അവസാനം വരെ പോരാടിയെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. ഇത് നിര്‍ഭയയ്ക്കു മാത്രമുള്ള നീതി അല്ല, രാജ്യത്തെ മുഴുവന്‍ വനിതകള്‍ക്കും വേണ്ടിയുള്ള നീതി. നിയമസംവിധാനത്തോട് നന്ദി ഉണ്ടെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു. മാര്‍ച്ച് 20 ‘നിര്‍ഭയ ന്യായ്’ ദിവസമായി ആചരിക്കണമെന്ന് നിര്‍ഭയയുടെ അച്ഛന്‍ പറഞ്ഞു.

ആഹ്ലാദാരവം മുഴക്കികൊണ്ട് ജയിലില്‍ മുമ്പില്‍ തടിച്ചു കൂടിയിരുന്നു. നാലു പ്രതികളെയും ഒരുമിച്ചാണ് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. കൃത്യം 5.30 ന് തന്നെ ശിക്ഷ നടപ്പാക്കിയെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

ഹൈക്കോടതിയും, സുപ്രീംകോടതിയിലും അര്‍ദ്ധരാത്രിയും പ്രതികളുടെ ഹര്‍ജികള്‍ പരിഗണിച്ചു. ശിക്ഷ രണ്ട് ദിവസം മാറ്റി വയ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരക്ക് സുപ്രീം കോടതി തള്ളി.

നിര്‍ഭയ കേസിലെ പെണ്‍കുട്ടി ബസിനുള്ളില്‍ വച്ച് ക്രൂര പീഡനത്തിനിരയായി മരിച്ചത് 7 വര്‍ഷം മുമ്പാണ്. മുകേഷ് സിങ്ങ് (32) പവന്‍ ഗുപ്ത (25) വിനയ് ശര്‍മ്മ (26) അക്ഷയ് കുമാര്‍ സിങ്ങ് (31) എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ മറ്റൊരു പ്രതിയായ റാം സിങ്ങ് 2013 ല്‍ തീഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015 ല്‍ ജുവനൈല്‍ ഹോമില്‍നിന്ന് പുറത്തിറങ്ങിയിരുന്നു.

7 വര്‍ഷത്തിനു ശേഷമാണ് തീഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കുന്നത്. പാര്‍ലമെന്റ് ആക്രമിച്ച കേസില്‍ പ്രതിയായ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയാണ് ഇതിനു മുമ്പ് നടന്നത്.