നിര്‍ഭയ കേസ്; വധശിക്ഷയുടെ ഡമ്മി പരീക്ഷണം നാളെ; ആരാച്ചാര്‍ ജയിലിലെത്തി

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച്ച നടപ്പാക്കാനിരിക്കെ ആരാച്ചാരായ പവന്‍കുമാര്‍ തീഹാര്‍ ജയിലിലെത്തി. വധശിക്ഷയുടെ ഡമ്മി പരീക്ഷണം നാളെ നടക്കും.

തടവുകാരന്റെ തുല്യ ഭാരത്തിലുള്ള മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് സാധാരണയായി ജയില്‍ അധികൃതര്‍ ഡമ്മി വധശിക്ഷ നടപ്പിലാക്കുന്നത്. 7 വര്‍ഷത്തിനു ശേഷമാണ് തീഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കുന്നത്. പാര്‍ലമെന്റ് ആക്രമിച്ച കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയാണ് ഇവിടെ അവസാനം നടന്ന വധശിക്ഷ.

മാര്‍ച്ച് 5 ന് വിചാരണ കോടതി പുറപെടുവിച്ച മരണ വാറണ്ട് അനുസരിച്ച് ഈ മാസം 20 ന് പുലര്‍ച്ചെ 5.30 നാണ് നിര്‍ഭയ കേസിലെ 4 പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടത്. മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെയാണ് 20 ന് തൂക്കിലേറ്റേണ്ടത്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്വപെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇന്ന് തള്ളിയിരുന്നു. സംഭവം നടന്ന 2012 ഡിസംബര്‍ 16 ന് മുകേഷ് സിങ് ഡല്‍ഹിയിലില്ലായിരുന്നെന്നാണ് ഹര്‍ജിയിലെ വാദം. ഡിസംബര്‍ 17 ന് ഇയാളെ രാജസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.

വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്വപെട്ട് പ്രതികള്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്രാ കോടതിയെ സമീപിച്ചിരുന്നു.