കേരളത്തിലെ രണ്ട് എം.എൽ.എമാർ കൊവിഡ് നിരീക്ഷണത്തിൽ

two MLAs under coronavirus observation

കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ കാസർഗോഡ് മഞ്ചേശ്വരം എം.എൽ.എമാർ നിരീക്ഷണത്തിൽ. എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.  ഇന്നലെ വെെകിട്ടോടെ കാസർഗോഡ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരു എം.എൽ.എമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു. കല്യാണചടങ്ങില്‍ വെച്ചാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍  രോഗിയുമായി ബന്ധപ്പെട്ടത്. മറ്റൊരു പൊതുപരിപാടിയില്‍ വെച്ചാണ് കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്.

ഇന്നലെ കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി മാർച്ച് പതിനൊന്നിനാണ് കേരളത്തിൽ എത്തുന്നത്. കോഴിക്കോട് വന്നിറങ്ങിയ ഇയാൾ ഹോട്ടലിൽ തങ്ങുകയും പിറ്റേന്ന് മാവേലി എക്സ്പ്രസിൽ കാസർഗോഡ് എത്തിച്ചേരുകയുമായിരുന്നു. രണ്ട് കല്യാണത്തിലും നിരവധി പൊതുപരിപാടിയിലും ഇദ്ദേഹം പങ്കെടുത്തു. മാത്രമല്ല കാസര്‍ഗോഡ് നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിൻ്റെ  റൂട്ട് മാപ്പ് തയ്യാറാക്കി ആളുകളെ ട്രേസ് ചെയ്യുക ബുദ്ധിമുട്ടാണ്. സര്‍ക്കാരോ ആരോഗ്യവകുപ്പോ വിചാരിച്ചാല്‍ മാത്രം നമുക്ക് ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്നും ഓരോരുത്തരും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഈ വൈറസിനോട് പൊരുതി ജയിക്കാനാവുള്ളൂവെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.

content highlights: two MLAs under coronavirus observation