കൊറോണ വൈറസ് പടരുന്നത് തടയുവാൻ നിർദേശിച്ച ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവതിക്കെതിരെ കർശന നടപടിയുമായി ചൈന രംഗത്തെത്തി. ചൈനീസ് ഓസ്ട്രേലിയൻ യുവതിക്കെതിരെയാണ് നടപടിയെടുത്തത്. ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച് ജോഗിംങിന് പോയ യുവതിയെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും, എത്രയും വേഗം നാടുവിടാനും ചൈന നിർദേശം നൽകി. വിദേശത്ത് നിന്നെത്തിയ യുവതി സ്വയം ക്വാറൻ്റൈൻ ചെയ്യാതെ മാസ്ക് ധരിക്കാതെയും പുറത്ത് പോയതാണ് കടുത്ത നടപടികൾക്ക് കാരണം. തനിക്ക് ഓടാൻ പോകണമെന്നും, വർക്കൌട്ട് ചെയ്യണമെന്നും താൻ അസുഖം വന്ന് വയ്യാതായാൽ നിങ്ങൾ വന്ന് നോക്കുമൊ എന്നും പറഞ്ഞ് ജോഗിങ് കഴിഞ്ഞെത്തിയ യുവതി ആരോഗ്യ പ്രവർത്തകരോട് തട്ടികയറുകയും ചെയ്തു.
ചൈനീസ് മാധ്യമ പ്രവർത്തകയാണ് ഇവർ ആരോഗ്യ പ്രവർത്തകരോട് ദേഷ്യപെടുന്നതിൻ്റെ വീഡിയോയും തുടർ സംഭവങ്ങളും ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ യുവതിയുടെ അപ്പാർട്ട്മെൻ്റിൽ പോലീസുദ്യോഗസ്ഥർ എത്തുകയും സ്വയം ക്വാറൻ്റൈൻ ചെയ്യേണ്ടതിൻ്റെ അവശ്യകതയെ കുറിച്ച് പറഞ്ഞ് കൊടുക്കുകയും, ഓസ്ട്രേലിയൻ പാസ്പോർട്ട് കൈവശമുള്ള യുവതിയോട് വിദേശിയാണെങ്കിലും സ്വദേശിയാണെങ്കിലും പീപ്പിൾസ് ഓഫ് റിപ്പബ്ലിക്കിൻ്റെ നിയമങ്ങൾ പാലിക്കണമെന്നും നിർദേശം നൽകി. ജർമ്മൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബേയറിലാണ് യുവതി ജോലി ചെയ്യുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ ജോലിയിൽ നിന്നും നീക്കിയതായി കമ്പനി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീഡിയോ വൈറലായതിനെ തുടർന്ന് യുവതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണുയരുന്നത്.
Content Highlights; Chinese Australian woman breached corona virus quarantine and lost her job