എറണാകുളം ജില്ലയില്‍ 67 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: സംസ്ഥാനം കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ നില്‍ക്കേ, ആശ്വാസ വാര്‍ത്ത. എറണാകുളം ജില്ലയില്‍ 67പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരുടെ സ്രവപരിശോധന ഫലമാണ് പുറത്തുവന്നത്. നിലവില്‍ ജില്ലയില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന മറ്റു 16 പേരില്‍ ഏഴുപേര്‍ ബ്രിട്ടീഷ് സ്വദേശികളാണ്.

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 94 ആയി. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജില്ലാ കളക്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ ഇന്നലെ മാത്രം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. കോഴിക്കോട് ജില്ലയില്‍ മാത്രം നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപടികള്‍ കര്‍ശനമാക്കി. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ കാസര്‍കോട് 19, എറണാകുളം 2, കണ്ണൂര്‍ 5, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ദുബായില്‍നിന്ന് വന്നവരാണ്. സംസ്ഥാനത്താകെ നിരീക്ഷണത്തില്‍ 64,320 പേരുണ്ട്. 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രിയിലും ആണ് നിരീക്ഷണത്തിലുള്ളത്.

122 പേരെയാണ് ഇന്നലെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4,291 സാംപിള്‍ പരിശോധയ്ക്ക് അയച്ചു. 2987 പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായിട്ടുണ്ട്.

Content Highlight: 67 Test Negative from Ernakulam

LEAVE A REPLY

Please enter your comment!
Please enter your name here