ഇന്ത്യ എങ്ങനെ രോഗത്തെ കെെകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കൊവിഡ് 19 സമ്പൂർണ്ണ ഉന്മൂലനം സാധ്യമാവുക; ലോകാരോഗ്യ സംഘടന

Future of COVID-19 pandemic depends on how populous countries like India handle it: WHO

ഇന്ത്യപോലെ ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങൾ എങ്ങനെ മഹാമാരിയെ കെെകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കൊവിഡ് 19 ൻ്റെ ഭാവിയെന്ന് ലോകാരോഗ്യ സംഘടന. രണ്ട് മഹാമാരികളെ സമ്പൂർണ ഉന്മൂലനം ചെയ്ത ചരിത്രമുള്ള ഇന്ത്യക്ക് കൊവിഡിനെ ഇല്ലാതാക്കാനുള്ള മാർഗവും കണ്ടെത്താനാകുമെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടൂവ് ഡയറക്ടർ മൈക്കൽ റയാൻ മാധ്യമങ്ങളോട് പറഞ്ഞു. പോളിയോ, സ്മോൾ പോക്സ് എന്നി മഹാമാരികളെ ഉന്മൂലനം ചെയ്ത ഇന്ത്യക്ക് കൊറോണ വെെറസ് വ്യാപനത്തെ നേരിടാനുള്ള അതിശക്തമായ ശേഷിയുണ്ട്. 

‘ജനസംഖ്യയിൽ വളരെ മുമ്പിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. വെെറസിനെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ കഴിയുമോ എന്ന് നിശ്ചയിക്കുന്നത് ജനസാന്ദ്രത കുടുതലുള്ള രാജ്യങ്ങൾ എങ്ങനെ ഇത്തരം സാഹചര്യങ്ങൾ കെെകാര്യം ചെയ്തു എന്നതിനെ ആശ്രയിച്ചാണ്. ലോക മഹാമാരിയായ സ്മോൾ പോക്സിനേയും പോളിയോയേയും തുരത്താൻ കഴിഞ്ഞ ഇന്ത്യക്ക് കൊവിഡിനെ ഇല്ലാതാക്കുവാനുള്ള ശേഷിയും ഉണ്ട്’. മൈക്കൽ റയാൻ പറഞ്ഞു. കൊവിഡിനെ ചെറുക്കാൻ മറ്റ് എളുപ്പ മാർഗ്ഗങ്ങളൊന്നുമില്ലെന്നും ഇന്ത്യയെപോലെയുള്ള രാജ്യങ്ങൾ ലോകത്തിന് കാണിച്ച് തരുന്നത് പിന്തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 330000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 14000 പേർ കോവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ 500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 

content highlights: Future of COVID-19 pandemic depends on how populous countries like India handle it: WHO