പാകിസ്ഥാനില്‍ ആയിരം കവിഞ്ഞ് കൊവിഡ് കേസുകള്‍; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍

ലാഹോര്‍: ആഗോള തലത്തില്‍ മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയിട്ടും ലോക്ക്ഡൗണ്‍ സ്വീകരിക്കാതെ പാകിസ്ഥാന്‍. ആയിരത്തിലധികം രോഗബാധിതരാണ് പാകിസ്ഥാനിലുള്ളത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. എന്നാല്‍ ഇതേവരെ ലോക്ക്ഡൗണടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങളിലേക്ക് പാകിസ്ഥാന്‍ കടന്നിട്ടില്ല.

ആദ്യപടിയായി രാജ്യത്തെ വ്യോമയാന സര്‍വീസുകള്‍ വ്യാഴാഴ്ച്ച റദ്ദാക്കുമെന്ന് വ്യോമയാന വക്താവ് അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകളും തീവണ്ടി ഗതാഗതവും നേരത്തെ റദ്ദാക്കിയിരുന്നു. ഇറാനില്‍ നിന്നെത്തിയവര്‍ വഴിയാണ് പാകിസ്ഥാനില്‍ രോഗം പടര്‍ന്നത്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 400ഓളം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ പഞ്ചാബില്‍ 296, ഖൈബര്‍ പക്തുന്‍ഖ്വയില്‍ 78, ബലൂചിസ്താനില്‍ 110, ഇസ്ലാമബാദ്- 15 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം.

നിലവില്‍ സിന്ധ് പ്രവിശ്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യവ്യാപകമായ കര്‍ഫ്യൂ പ്രഖ്യാപിക്കില്ലെന്നും, അത് പാകിസ്ഥാന്റെ സമ്പത്ത് ഘടനയെ ബാധിക്കുമെന്നുമാണ് ഇമ്രാന്‍ഖാന്റെ നിലപാട്.

Content Highlight: Covid 19 cases exceeds over 1000 in Pakistan