ഡിമാൻഡ് കൂടുന്നു; ഹൈഡ്രോക്സിക്ലോറോക്വിനിൻ്റെ കയറ്റുമതി നിര്‍ത്തി വെച്ച് ഇന്ത്യ

കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ച ഹൈഡ്രോക്സിക്ലോറോക്വിനിൻ്റെ കയറ്റുമതി  ഇന്ത്യ നിർത്തിവച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ മരുന്നിൻ്റെ ലഭ്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം.

വാണിജ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ചയാണ് ഹൈഡ്രോക്സിക്ലോറോക്വിനിൻ്റെ കയറ്റുമതി നിരോധിച്ച് വിജ്ഞാപനം ഇറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിൻ്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ മരുന്ന് കൊവിഡ് 19 ചികിത്സക്ക് ഫലപ്രദമാണെന്ന് പറഞ്ഞതിന് പിന്നാലെ ഹൈഡ്രോക്സിക്ലോറോക്വിനിന് ആവശ്യം ഏറി വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയർക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിൻ്റെ നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അംഗീകരിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ചകളിലായി സാനിറ്റൈസറുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ തുടങ്ങിയ മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതിയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. 

content highlights: India Bans Export of Anti-Malarial Wonder Drug Hydroxychloroquine as Demand Soars