പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പില്‍ വലിയ ആശങ്ക. രോഗത്തിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് ഇതില്‍ തെളിയുന്നത്. ദുബായില്‍ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തിന് വിധേയനാകുന്നത്. മാത്രമല്ല ഈ ദിവസങ്ങളിലെല്ലാം നാട്ടിലുടനീളം കറങ്ങി നടന്നിട്ടും ഉണ്ട്. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറായ മകന്‍ പ്രാഥമിക പട്ടികയില്‍ ഉണ്ട്. ഇയാള്‍ ദീര്‍ഘദൂര ബസ്സുകളില്‍ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്. മകന് രോഗം സ്ഥിരീകരിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
പ്രവാസി നാട്ടിലെത്തിയത് 13 നാണ്. അതിന് ശേഷം 17ന് മണ്ണാര്‍ക്കാട് നിന്ന് ഇന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ഉള്ള ബസ്സില്‍ മകന്‍ കണ്ടക്ടറായി ജോലി ചെയ്തു. 18 ന് പാലക്കാട് തിരുവനന്തപുരം ബസ്സിലും ജോലി നോക്കി. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കണ്ടക്ടര്‍ക്ക് രോഗം ഉണ്ടെന്ന് വന്നാല്‍ അത് സമൂഹ വ്യാപനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. അതുകൊണ്ട് തന്നെ കൂടുതല്‍ ഗൗരവത്തോടെയാണ് ഈ കേസിനെ ആരോഗ്യ വകുപ്പ് എടുക്കുന്നത്. റാന്നിയിലും കാസര്‍കോടും രോഗം എത്തിയതിനേക്കാള്‍ വിപത്തുണ്ടാക്കാന്‍ പാലക്കാട്ടെ രോഗിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. 51 വയസ്സുകാരന്‍ ഉംറ തീര്‍ത്ഥാടനത്തിനു ശേഷമാണു കേരളത്തിലെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മണ്ണാര്‍ക്കാട്ടേക്കു വരികയായിരുന്നു. അവിടെയെത്തി 13ന് ശേഷം പല സ്ഥലങ്ങളിലും ബസില്‍ പോയി. ബാങ്കുകള്‍, യത്തീംഖാന, പള്ളി എന്നിവിടങ്ങളില്‍ പോയി. ജനങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇയാളെ കണ്ടെത്തിയത്. ഇയാള്‍ സ്വമേധയാ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. ജില്ലയില്‍ 3 പേര്‍ക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. മണ്ണാര്‍ക്കാട് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പരിഗണനയിലാണ്. പട്ടാമ്ബിയില്‍ നിലവില്‍ നടപടികള്‍ കര്‍ശനമാണ്. സംസ്ഥാന അതിര്‍ത്തി കൂടിയായതിനാല്‍ ജില്ലയിലെ ആരോഗ്യമേഖലയില്‍ അതീവ ജാഗ്രതയ്ക്കാണു നിര്‍ദ്ദേശം.
Content Highlight: New Case reported in Palakkad