കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ 50 ജയിലുകളിലായി കഴിയുന്ന 11000 തടവുകാരെ മോചിപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്ത്രര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു. ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ശിക്ഷിച്ചവരെയാണ് മോചിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഭീകരവാദം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് ഒഴിവാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ രൂപികരിച്ച ഉന്നതാധികാര സമിതിയാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്തത്. സാങ്കേതിക നടപടികൾ വെള്ളിയാഴ്ച ആരംഭിക്കുമെന്നും തുടർന്ന് തടവുകാരെ അതത് കോടതിക്ക് മുന്നിൽ ഹാജരാക്കി ജാമ്യം അനുവദിക്കുമെന്നും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നടപടിക്രമങ്ങൾക്ക് ഒരാഴ്ച സമയെടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
content highlights: 11,000 prisoners to be released in Maharashtra amid COVID-19 prevention measures